സൗദി രാജകുമാരന്റെ മരണം ലണ്ടനിലെ ആഡംബര ഹോട്ടലിൽ; രക്തത്തിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും മാരകമിശ്രിതം
സൗദി രാജകുമാരനെ ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാധാരണയായി പാർട്ടി ഡ്രഗ് എന്ന് വിളിക്കപ്പെടുന്ന ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റിന്റെ മാരകമായ അളവും കഞ്ചാവ്, സനാക്സ് , മറ്റ് വിഷാദരോഗ മരുന്നുകൾ എന്നിവയുടെ സാന്നിധ്യവും സൗദി രാജകുമാരന്റെ രക്തപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ലണ്ടനിലെ ആഡംബര ഹോട്ടലിൽ വെച്ച് മദ്യം, പാർട്ടി ഡ്രഗ്സ്, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ എന്നിവയുടെ മാരകമായ സംയോജനം ഉള്ളിൽ ചെന്ന് 29 കാരനായ സൗദി രാജകുമാരൻ മരണപ്പെട്ടതായി യുകെ കോറോണറുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിനെയാണ് കഴിഞ്ഞ നവംബർ 25-ന് കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ മരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ദി സൺ, ഡെയ്‌ലി മിറർ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നർ വെസ്റ്റ് ലണ്ടൻ കോറോണേഴ്സ് കോടതിയിൽ സമർപ്പിച്ച തെളിവുകൾ പ്രകാരം, ഒരു ആഴ്ചത്തെ താമസത്തിനായി നവംബർ 19-നാണ് രാജകുമാരൻ പ്രതിദിനം 600 യൂറോ വാടകയുള്ള ഈ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. മരണപ്പെടുന്നതിന് മുൻപത്തെ ദിവസം വൈകുന്നേരം സിഗരറ്റ് വലിക്കാനായി പുറത്തേക്ക് ഇറങ്ങുന്നതാണ് സിസിടിവിയിൽ ജീവനോടെയുള്ള അദ്ദേഹത്തിന്റെ അവസാന ദൃശ്യം.
അടുത്ത ദിവസം, ഹോട്ടലിലെ ക്ലീനർ അഞ്ചാം നിലയിലെ അദ്ദേഹത്തിന്റെ മുറിയിൽ കയറിയപ്പോഴാണ് ഡ്രസ് ധരിച്ച നിലയിൽ ബാത്ത്റൂമിലെ നിലത്ത് വീണുകിടക്കുന്ന രാജകുമാരനെ കാണുന്നത്. ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ എമർജൻസി സർവീസിനെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന സ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു.
രക്തപരിശോധനയിൽ മദ്യത്തിന്റെയും മരുന്നുകളുടെയും മാരക മിശ്രിതം കണ്ടെത്തി അബ്ദുള്ള രാജകുമാരന്റെ രക്തത്തിൽ 100 മില്ലിലിറ്ററിൽ 222 മില്ലിഗ്രാം എന്ന ഉയർന്ന അളവിൽ മദ്യത്തിന്റെ സാന്നിധ്യം ടോക്സിക്കോളജി പരിശോധനയിൽ കണ്ടെത്തിയതായി ഇൻക്വസ്റ്റ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ഡ്രൈവിംഗ് അനുവദനീയമായ പരിധിയായ 80 മില്ലിഗ്രാമിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. ഈ അളവിലുള്ള മദ്യത്തിന്റെ സാന്നിധ്യം മാത്രം മതി ഒരാളെ കോമ അവസ്ഥയിലാക്കാൻ എന്ന് വിദഗ്ധർ കോടതിയെ അറിയിച്ചു. എന്നാൽ, ഇതിനുപുറമേ പാർട്ടി ഡ്രഗ് എന്ന് വിളിക്കപ്പെടുന്ന ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റിന്റെ മാരകമായ അളവും കഞ്ചാവ്, സനാക്സ് , മറ്റ് വിഷാദരോഗ മരുന്നുകൾ എന്നിവയുടെ സാന്നിധ്യവും അന്വേഷകർ കണ്ടെത്തി. ഈ വിവിധതരം വസ്തുക്കളുടെ സംയോജനം ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ഒടുവിൽ മരണത്തിന് കാരണമാവുകയുമായിരുന്നുവെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ നിഗമനത്തിലെത്തി