രമേഷ് പിഷാരടിയുടെ വാഗ്ദാനം; പാലക്കാട് നഗരം കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് ഓടിത്തുടങ്ങി
പാലക്കാട് ∙ നഗരം കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിനു തുടക്കമായി. പദ്ധതി വിജയിച്ചാൽ നഗരത്തിൽ കൂടുതൽ സിറ്റി സർവീസ് ബസുകളെത്തുമെന്ന് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത രമേഷ് പിഷാരടി എംഎൽഎ പറഞ്ഞു. പ്രിയദർശിനി സർവീസിൽ ഉൾപ്പെടുത്തി വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കിയാണ് സിറ്റി ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്.
രമേഷ് പിഷാരടി എംഎൽഎ മുൻകൈ എടുത്ത പദ്ധതിക്കു മന്ത്രി സി.പി.ജോൺ ഉടൻ അനുമതി നൽകിയതോടെയാണു നഗരത്തെ പരസ്പരം ബന്ധിപ്പിച്ചുള്ള ബസ് സർവീസിനു തുടക്കമായത്. വാർഡ് കൗൺസിലർ എം.എം.അഷ്കർ അധ്യക്ഷനായി. ഗവ.ബിഗ്ബസാർ സ്കൂളിനു സമീപത്തു കൂടിയും ബസ് സർവീസ് നടത്തുന്നുണ്ട്. സ്കൂൾ പിടിഎ ഭാരവാഹികളും ചടങ്ങിനെത്തി. സ്കൂളിനു സമീപത്തു കൂടി ബസ് സർവീസ് എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനായി നഗരസഭാംഗവും സ്കൂൾ അധികൃതരും കെഎസ്ആർടിസിക്കു നിവേദനം നൽകിയിരുന്നു.
ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, ഡിപ്പോ എൻജിനീയർ വി.റെജിമോൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.സഞ്ജീവ്കുമാർ, സംഘടന പ്രതിനിധികളായ പി.എസ്.മഹേഷ്, ടി.സന്തോഷ്കുമാർ, സിഎംപി ജില്ലാ സെക്രട്ടറി പി.കലാധരൻ എന്നിവർ പ്രസംഗിച്ചു. നഗരസഭാംഗങ്ങളായ എം.മോഹൻബാബു, കെ.പ്രതിഭ, മുൻ കൗൺസിലർ എ.കൃഷ്ണൻ എന്നിവരും എത്തിയിരുന്നു.
ബസ് സമയം
(തിങ്കൾ മുതൽ)
∙ രാവിലെ 8.10നു പാലക്കാട് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട് മണപ്പുള്ളിക്കാവ് വഴി 8.20നു പാലക്കാട് ഗവ.മെഡിക്കൽ കോളജിലെത്തും.
∙ 8.30നു മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് യാക്കര, ചടനാംകുറുശ്ശി, നൂറണി, ബിഗ്ബസാർ സ്കൂൾ വഴി 9.20നു മേലാമുറിയിലെത്തും.
∙ 9.30നു മേലാമുറിയിൽ നിന്നു പുറപ്പെട്ട് മേഴ്സി കോളജ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ്– മണപ്പുള്ളിക്കാവ് വഴി 10.10നു മെഡിക്കൽ കോളജിലെത്തും
∙
10.20നു മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് പുതിയപാലം വഴി 10.50ന് ഒലവക്കോട്ടെത്തും
∙
11.10 മുതൽ വൈകിട്ട് 3 വരെ ഒലവക്കോട് – പാലക്കാട് മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തും.
∙ 3.10ന് മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് സിവിൽ സ്റ്റേഷൻ– മേഴ്സി കോളജ് വഴി 3.50നു മേലാമുറിയിലെത്തും.
∙ 4നു മേലാമുറിയിൽ നിന്നു പുറപ്പെട്ട് ബിഗ്ബസാർ സ്കൂൾ, നൂറണി, ചടനാംകുറുശ്ശി, യാക്കര വഴി 4.50നു മെഡിക്കൽ കോളജിലെത്തും
∙
5.10നു മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് ഒലവക്കോട്– മുണ്ടൂർ വഴി 6നു കോങ്ങാട് എത്തും.
∙ 6.10നു കോങ്ങാട്ടു നിന്നു പുറപ്പെട്ട് മുണ്ടൂർ, ഒലവക്കോട് വഴി 7നു പാലക്കാട്ടെത്തും.