'ഇതൊന്നും വായിക്കാതെയാണോ വന്നത്? സുഗതന്റെ അവധിയിൽ ശബരിനാഥനോട് മേയർ വി വി രാജേഷ്
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയ നടപടിയിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. തങ്ങൾ മുൻസിപ്പൽ ആക്ടിനെയാണ് ഡിപ്പൻഡ് ചെയ്യുന്നതെന്നും ഇതൊന്നും വായിക്കാതെയാണോ അദ്ദേഹം ഇവിടെ വരുന്നതെന്നും വി വി രാജേഷ് പറഞ്ഞു.
'ഞങ്ങൾ ഡിപ്പൻഡ് ചെയ്യുന്നത് മുൻസിപ്പൽ ആക്ടിനെയാണ്. സെക്ഷൻ 91 K. ഇതാണ് ഞങ്ങൾ ഡിപ്പൻഡ് ചെയ്യുന്നത്. ഇതൊന്നും വായിക്കാതെയാണോ അദ്ദേഹം ഇവിടെ വരുന്നത്. എല്ലാ കൗൺസിലർമാർക്കും ബുക്ക് രണ്ടെണ്ണം കൊടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സർക്കുലർ അനുസരിച്ചാണ് കോർപ്പറേഷൻ പ്രവർത്തിച്ചിരിക്കുന്നത്'.
അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയർക്ക് തീരുമാനിക്കാമെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു. അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണ്. ആഭ്യന്തര വകുപ്പ് സർക്കുലർ ആണ് പിൻബലം. അയോഗ്യത ഉണ്ടാവില്ല എന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പാണ്. സുഗതന് കൊടുത്ത മറുപടിയിൽ ആഭ്യന്തര വകുപ്പ് അതാണ് പറയുന്നതെന്നും മേയർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുഗതന് അവധി അപേക്ഷ അംഗീകരിച്ചത്. മേയര്‍ വി.വി.രാജേഷാണ് ഇക്കാര്യം അറിയിച്ചത്. മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷിന്റെ വോട്ടും ഉള്‍പ്പെടെയാണ് 51 വോട്ടിന് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയത്. സുഗതനെ ആറുമാസത്തേക്ക് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയതായും മേയര്‍ അറിയിച്ചു. 2026 ജൂലൈ 2 ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറും മേയര്‍ വി.വി.രാജേഷ് വായിച്ചു.