412 വോട്ടിന് ശേഷം വിവിപാറ്റിൽ ലൈറ്റ് തെളിഞ്ഞില്ല! സ്റ്റാലിന്‍ തോറ്റ കൊളത്തൂരില്‍ കൃത്രിമം? ആരോപണവുമായി ഡിഎംകെ
എം.കെ. സ്റ്റാലിന്‍ തോറ്റ കൊളത്തൂര്‍ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി ആരോപിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ ആവശ്യപ്രകാരം നടത്തിയ വോട്ടിങ് മെഷിനുകളുടെ പരിശോധനയില്‍ കൊളത്തൂരില്‍ ഉപയോഗിച്ച ഇവിഎമ്മുകളില്‍ ഭൂരിഭാഗത്തിലും പ്രശ്നങ്ങള്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് നീതിയുക്തമായല്ല നടത്തിയതെന്നും കോടതിയെ സമീപിക്കുമെന്നും ഡിഎംകെ വ്യക്തമാക്കി. കൊളത്തൂരില്‍ ഉപയോഗിച്ച ഇവിഎമ്മുകളെ വെരിഫിക്കേഷന്‍ സാങ്കേതിക തകരാറുകൾ കാരണം തടസ്സപ്പെട്ടെന്നും ഉപയോഗിച്ച വോട്ടിങ് മെഷിനുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുണ്ടെന്നും ഡിഎംകെ നിയമസെക്രട്ടറിയും രാജ്യസഭാ എംപിയുമായ എൻ.
ആർ. ഇളങ്കോ പറഞ്ഞു. ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിന്‍ കൊളത്തൂരില്‍ 8795 വോട്ടിനാണ് തോറ്റത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 14 പോളിങ് സ്റ്റേഷനുകളെ ഇവിഎം, വിവിപാറ്റ് യൂണിറ്റുകളുടെ വെരിഫിക്കേഷന് നടത്തണമെന്ന് സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിരുന്നു. കൊളത്തൂരിനൊപ്പം, കാഞ്ചീപുരം, രാജപാളയം എന്നിവിടങ്ങളിൽ ഇവിഎമ്മുകളും പരിശോധിക്കുന്നുണ്ട്.