Select Location
All Locations
State
Region
City / District
അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും ‘തുടങ്ങാം’ എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങൾക്ക് നൽകിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല – ഡോ. കെ ടി ജലീൽ

അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും ‘തുടങ്ങാം’ എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങൾക്ക് നൽകിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല – ഡോ. കെ ടി ജലീൽ

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തസമയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാതൃകാപരമായ ഇടപെടൽ ചൂണ്ടിക്കാട്ടി മുൻ മന്ത്രി ഡോ. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയൻ ആരായിരുന്നു, അദ്ദേഹത്തിന്റെ ഇടപെടലുകളും ഭരണപാടവവും എന്തായിരുന്നു എന്നൊക്കെ വിശദീകരിക്കുന്ന എഴുത്ത്, ‘കേരളമേ മാപ്പിരക്കുക! ക്ഷമാപണം നടത്തുക! മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അയാളെ തെറ്റിദ്ധരിച്ചതിന്!’ എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

ഡോ. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 മാപ്പിരക്കുക അയാളോട്! 10 കൊല്ലം ഒരു രക്ഷിതാവിനെപ്പോലെ പിതൃ സ്ഥാനത്തു നിന്ന്, കാറ്റും കോളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കോവിഡും നിപ്പയും തിമർത്താടി ആടിയുലഞ്ഞ കേരളത്തിന് കണ്ണിൽ എണ്ണയൊഴിച്ച് രാപ്പകലില്ലാതെ അയാൾ കാവലിരുന്നു. വേണ്ടാത്തത് കണ്ടപ്പോൾ വീട്ടു കാരണവരെപ്പോലെ അയാൾ ദേഷ്യപ്പെട്ടു. അനുവാദമില്ലാതെ അകത്തു കയറിയവരോട് ‘കടക്ക് പുറത്തെ’ന്ന് അയാൾ ശബ്ദമുയർത്തി പറഞ്ഞു. നാട് ദുരന്തങ്ങളിൽ പകച്ച് നിന്നപ്പോൾ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ തൻ്റെ ഓഫീസിലിരുന്ന് അയാൾ എല്ലാം നിയന്ത്രിച്ചു. ഭരണതലപ്പത്തെ ഒന്നാമൻ ഉറങ്ങാതെ പ്രവർത്തന നിരതനായപ്പോൾ, ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഉദ്യോഗസ്ഥരും ഇമ വെട്ടാതെ അയാളുടെ നിർദ്ദേശങ്ങൾക്ക് കാതോർത്തു. അയാളുടെ ഒരു നോട്ടം മതിയായിരുന്നു ഏത് ഉദ്യോഗസ്ഥനെയും നിലക്കു നിർത്താൻ. പ്രവർത്തിക്കാതെ വാക്കുകൾ കൊണ്ട് പായസം വെക്കുന്ന സിവിൽ സർവീസുകാരെ അയാൾ ഒറ്റവാക്കിൽ നിശബ്ദരാക്കി.
പ്രതിസന്ധികളുടെ നാളുകളിൽ ഓരോ ദിവസവും സന്ധ്യാ സമയമാകുമ്പോൾ ടി.വിക്ക് മുമ്പിൽ കണ്ണുന്നട്ട് സ്ത്രീകളും കുട്ടികളും യുവാക്കളും യുവതികളും അമ്മൂമ്മമാരും മുത്തച്ഛൻമാരും ഗൃഹനാഥൻമാരും ഗൃഹനാഥകളും കാതുകൂർപ്പിച്ചിരുന്നത് മൈക്കിൾ ജാക്സൻ്റെ ആട്ടവും പാട്ടും ആസ്വദിക്കാൻ ആയിരുന്നില്ല, അയാളെ ഒരുനോക്ക് കാണാനും കേൾക്കാനുമാണ്. അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും ‘തുടങ്ങാം’ എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങൾക്ക് നൽകിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല. തങ്ങളുടെ കുടുംബം അപായത്തിൽ പെട്ടിട്ടില്ലെന്നും റിലീഫ് കേമ്പുകളിൽ അവർ സുരക്ഷിതരാണെന്നും പ്രവാസികൾ അറിഞ്ഞത് കോപ്രായങ്ങളും പരിഹാസങ്ങളും അംഗവിക്ഷോഭങ്ങളും ആക്രോഷങ്ങളുമില്ലാത്ത അയാളുടെ വാക്കുകളിൽ നിന്നാണ്.
ദുരന്തഭൂമികളിൽ ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സമയത്ത് അയാൾ ഒരാളുടെ തീൻമേശയുടെയും മുന്നിലുമിരുന്ന് കോഴിക്കാലിനോടും നെയ്മീനിനോടും ബിരിയാണിയോടും ‘മൽപിടുത്തം’ നടത്തുകയായിരുന്നില്ല. വെള്ളം തലക്കുമീതെ മൂടി നിൽക്കുന്ന മധ്യകേരളത്തിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണാൻ ഹെലികോപ്റ്ററിൽ പോകുന്നതിനു പകരം ഭാര്യാപിതാവിൻ്റെ രോഗാവസ്ഥ കാണാൻ സർക്കാർ സംവിധാനം ദുരപയോഗിച്ച് അയാൾ പറന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കലാണ് ദുരിതാശ്വാസ പ്രവർത്തനമെന്ന് അയാൾ ഒരിക്കലും തെറ്റിദ്ധരിപ്പിച്ചില്ല.


Kairali News 1 hour ago
Home Flash News