പരിക്കിന്റെ പിടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; ഫിസിയോ കമലേഷ് ജെയിനും BCCI സെന്റർ ഓഫ് എക്സലൻസും പ്രതിക്കൂട്ടിൽ
ഫിസിയോ കമലേഷ് ജെയിന്റെയും ടീം ഡോക്ടർ റിസ്‌വാൻ ഖാന്റെയും സ്ഥാനങ്ങൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്ന പശ്ചാത്തലത്തിൽ ടീം ഫിസിയോ തെറാപ്പിസ്റ്റ് കമലേഷ് ജെയിൻ നിരീക്ഷണത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താനും ഭാവി കാര്യത്തിൽ തീരുമാനമെടുക്കാനും ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്
അടുത്തിടെയായി ഇന്ത്യൻ താരങ്ങൾ നേരിടുന്ന തുടർച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ടീമിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പ്രമുഖ പേസർ ജസ്പ്രീത് ബുംറയാണ് ഇതിൽ ഏറ്റവും ഒടുവിലായി പരിക്കിന്റെ പിടിയിലായത്.
പരിക്കിനെ തുടർന്ന് ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയും ടീം തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, വാഷിംഗ്ടൺ സുന്ദറിന് ഒന്നാം ടെസ്റ്റ് നഷ്ടമാവുകയും രണ്ടാം ടെസ്റ്റിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാവുകയും ചെയ്തിട്ടുണ്ട്
ബിസിസിഐയുടെ 'സെന്റർ ഓഫ് എക്സലൻസിൽ' (CoE) നിന്നുള്ള ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായി സായ് സുദർശനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമീപകാല ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിലെ തുടർച്ചയായ പരിക്കുകളെക്കുറിച്ചും താരങ്ങളുടെ ഫിറ്റ്‌നസ് തകർച്ചയെക്കുറിച്ചും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഹെഡ് കോച്ച് ഗൗതം ഗംഭീറും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.