അച്ഛന് ഒരു വർഷം 1.12 കോടി ശമ്പളം; മകൾക്ക് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി
ശമ്പള വരുമാനം ഒഴിവാക്കിക്കൊണ്ട് നിയമത്തെ വ്യാഖ്യാനിക്കുന്നത്, അർഹരായ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ലക്ഷ്യത്തെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ശമ്പളം നോൺ-ക്രീമിലെയർ യോഗ്യത നിശ്ചയിക്കുമ്പോൾ നിർബന്ധമായും പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഒബിസി സംവരണ ആനുകൂല്യങ്ങൾക്കായി ഇത്തരം വരുമാനം ഒഴിവാക്കണമെന്ന വാദം കോടതി തള്ളി.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ശമ്പളം, അവരുടെ മക്കൾക്ക് മറ്റ് പിന്നാക്ക വിഭാഗ സംവരണത്തിന് അർഹതയുണ്ടോ എന്ന് തീരുമാനിക്കുമ്പോൾ ഒഴിവാക്കാനാകില്ലെന്ന് നോൺ-ക്രീമിലെയർ മാനദണ്ഡങ്ങളുടെ പരിധി വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി വിധിച്ചു. ശമ്പള വരുമാനം ഒഴിവാക്കിക്കൊണ്ട് നിയമത്തെ വ്യാഖ്യാനിക്കുന്നത്, അർഹരായ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ലക്ഷ്യത്തെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
നീറ്റ്-യു ജി, കീം പ്രവേശനത്തിനായി നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച രണ്ട് ഹർജികൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. ഹർജിക്കാരുടെ കുടുംബ വരുമാനവും സ്വത്തും നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കോടതി വ്യക്തമാക്കി.