നീറ്റ് ക്രമക്കേട് ഒരു സുരക്ഷാ വീഴ്ചയല്ല; മാസങ്ങളുടെ ആസൂത്രണം; ലക്ഷങ്ങളുടെ ഇടപാട്, ചോർത്തിയത് ഇങ്ങനെ
ന്യൂഡൽഹി: നീറ്റ ചോദ്യപേപ്പർ ചോർച്ച വെറുമൊരു സുരക്ഷാവീഴ്ച മാത്രമായിരുന്നില്ല. ലക്ഷങ്ങളുടെ ഇടപാടുകളോടെ മാസങ്ങൾ നീണ്ട ആസൂത്രണത്തിലാണ് രാജ്യത്തെ ഉന്നതമായ പരീക്ഷ അട്ടിമറിച്ചിരിക്കുന്നത്. സിബിഐയുടെതാണ് കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന എൻടിഎ വിഷയാധിഷ്ഠിത വിദഗ്ദ്ധരും കോച്ചിങ് സെന്റർ ഉടമകളും ഇടനിലക്കാരും ഉദ്യോഗാർഥികളും അടങ്ങുന്ന വലിയ ഒരു ശൃംഖലതന്നെ ഇതിൽ പ്രവർത്തിച്ചുവെന്ന് ഡൽഹിയിലെ റോസ് അവന്യൂസ് സ്‌പെഷ്യൽ സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) സബ്ജക്റ്റ് വിദഗ്ദ്ധർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചോദ്യപേപ്പറുകൾ ചോർത്തുകയും, ഇടനിലക്കാർ വഴി വൻ തുകയ്ക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചോർത്തിയ ചോദ്യങ്ങളും പ്രത്യേക കോച്ചിങും നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും 4 ലക്ഷം വരെയും അതിൽ കൂടുതലും ഈടാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയിൽ നിന്ന് ചോർന്ന ചോദ്യങ്ങളുടെ PDF, ഇമേജ് ഫയലുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് ടെലഗ്രാം, വാട്‌സാപ്പ് എന്നിവ വഴിയാണ് ഈ ഫയലുകൾ കൈമാറിയത്. NEET 2026 എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനായി ഇടനിലക്കാർ വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. ചോർത്തിയ ചോദ്യപേപ്പർ നൽകുന്നതിന് സുരക്ഷയായി വിദ്യാർത്ഥികളുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാർ വാങ്ങി വെച്ചിരുന്നു.