മിനിമം ശമ്പളം 52000 രൂപ..! റെയില്വേ ജീവനക്കാര്ക്ക് അലവന്സുകള് കൂടും? സാധ്യത ഇങ്ങനെ
കേന്ദ്ര സര്ക്കാര് ജീവനക്കാര്, പെന്ഷന്കാര്, വിവിധ സംഘടനകള്, മറ്റ് ബന്ധപ്പെട്ടവര് എന്നിവരില് നിന്ന് നിര്ദ്ദേശങ്ങള് സ്വീകരിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മീഷന് ഡല്ഹിയില് നടന്നുവന്ന കൂടിയാലോചന യോഗങ്ങള് ഇന്നലെ സമാപിച്ചിരുന്നു. ഡല്ഹിയില് രജിസ്റ്റര് ചെയ്തിട്ടുള്ള വിവിധ സംഘടനകളും അസോസിയേഷനുകളും ഈ യോഗങ്ങളില് പങ്കെടുത്തുിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി, പ്രമുഖമായ പല ജീവനക്കാരുടെ സംഘടനകളും കമ്മീഷന് തങ്ങളുടെ നിവേദനങ്ങള് സമര്പ്പിച്ചിട്ടുണ്ട്. നാഷണല് കൗണ്സില്-ജോയിന്റ് കണ്സള്ട്ടേറ്റീവ് മെഷിനറി, ഫെഡറേഷന് ഓഫ് നാഷണല് പോസ്റ്റല് ഓര്ഗനൈസേഷന്സ് എന്നിവ ഇതില് ഉള്പ്പെടുന്നു. ശമ്പള പരിഷ്കരണം, പെന്ഷന്, അലവന്സുകള്, സേവനവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള് തുടങ്ങിയ കാര്യങ്ങള് ഇവരുടെ നിവേദനങ്ങളില് ഉള്പ്പെടുന്നു.
ശുപാര്ശകള് തയ്യാറാക്കുന്നതിന് മുന്പായി, അംഗീകൃത സംഘടനകളും ജീവനക്കാരുടെ കൂട്ടായ്മകളും ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും കമ്മീഷന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027 മെയ്-ജൂണ് മാസത്തോടടുത്ത് കമ്മീഷന് റിപ്പോര്ട്ട് കേന്ദ്ര സര്ക്കാരിന് സമര്പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. വിശദമായ ആവശ്യങ്ങള് സമര്പ്പിച്ച ജീവനക്കാരുടെ സംഘടനകളില് ഇന്ത്യന് റെയില്വേ ടെക്നിക്കല് സൂപ്പര്വൈസേഴ്സ് അസോസിയേഷനും ഉള്പ്പെടുന്നു.
ഹൈദരാബാദില് വെച്ച് നടന്ന കൂടിക്കാഴ്ചയില് ഈ സംഘടന എട്ടാം ശമ്പള കമ്മീഷന് സമഗ്രമായ ഒരു നിവേദനം നേരത്തെ തന്നെ സമര്പ്പിച്ചിരുന്നു. കുറഞ്ഞ ശമ്പളത്തില് ഗണ്യമായ വര്ധനവ്, വിവിധ ശമ്പള നിലവാരങ്ങള്ക്കനുസരിച്ചുള്ള വ്യത്യസ്ത ഫിറ്റ്മെന്റ് ഫാക്ടറുകള്, റെയില്വേ ടെക്നിക്കല് സൂപ്പര്വൈസര്മാരുടെ തൊഴില് ഘടനയിലെ മെച്ചപ്പെടുത്തലുകള് എന്നിവ ഇവരുടെ നിര്ദ്ദേശങ്ങളില് ഉള്പ്പെടുന്നു.
അടിസ്ഥാന ശമ്പളം 52,600 രൂപയായി ഉയര്ത്തണമെന്നതാണ് ഐആര്ടിഎസ്എയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. 2.92 എന്ന ഫിറ്റ്മെന്റ് ഘടകം ഉപയോഗിച്ചാണ് സംഘടന ഈ കണക്കിലെത്തിയത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതച്ചെലവും ആധുനിക ഗാര്ഹിക ചെലവുകളും കണക്കിലെടുത്ത് വേണം അടിസ്ഥാന ശമ്പളം നിശ്ചയിക്കാനെന്ന് ഐആര്ടിഎസ്എ വാദിക്കുന്നു. ഇന്റര്നെറ്റ് സേവനങ്ങള്, കുപ്പിവെള്ളം, മെഡിക്കല് ഇന്ഷുറന്സ് തുടങ്ങിയവ ഇതില് ഉള്പ്പെടുന്നു.
ലെവല് 6-ന് മുകളിലുള്ള വിഭാഗങ്ങളില് സുരക്ഷയുമായി ബന്ധപ്പെട്ട ജോലികള് ചെയ്യുന്ന റെയില്വേ ജീവനക്കാര്ക്ക് ഉയര്ന്ന ഫിറ്റ്മെന്റ് ഘടകങ്ങള് നല്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. വിവിധ ശമ്പള നിലവാരത്തിലുള്ള ജീവനക്കാര്ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്ക്കും തൊഴില് സാഹചര്യങ്ങള്ക്കും അനുയോജ്യമായ ഫിറ്റ്മെന്റ് ഘടകം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ നിര്ദ്ദേശത്തിന്റെ ലക്ഷ്യം.
അടിസ്ഥാന ശമ്പള വര്ധനവിന് പുറമേ, ജീവനക്കാര്ക്ക് 5% വാര്ഷിക ഇന്ക്രിമെന്റ് നല്കണമെന്നും ഐആര്ടിഎസ്എ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക സൂപ്പര്വൈസര്മാരുടെ നിലവിലുള്ള കരിയര് പുരോഗതി ഘടനയില് മാറ്റങ്ങള് വരുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. ജീവനക്കാരുടെ സാമ്പത്തിക സ്ഥിതിയും തൊഴില്പരമായ വളര്ച്ചാ സാധ്യതകളും മെച്ചപ്പെടുത്തുന്നതിനും അവരുടെ കുടുംബങ്ങള്ക്ക് മികച്ച പിന്തുണ നല്കുന്നതിനുമാണ് ഇത്.
ജൂനിയര് എഞ്ചിനീയര്മാര്, സീനിയര് സെക്ഷന് എഞ്ചിനീയര്മാര് എന്നിവരുടെ കാര്യത്തില് കരിയര് പുരോഗതി എന്നത് ഐആര്ടിഎസ്എ ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിഷയമാണ്. സാങ്കേതിക വിഭാഗം ജീവനക്കാരുടെ കരിയര് വളര്ച്ച മുരടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള് സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ തസ്തികയില് നേരിട്ട് നിയമിക്കപ്പെടുന്ന ബിരുദധാരികളായ എഞ്ചിനീയര്മാരുടെയും സാഹചര്യങ്ങള് സംഘടന പ്രത്യേകം എടുത്തുപറയുന്നു
സീനിയര് സെക്ഷന് എഞ്ചിനീയര്മാര്ക്ക് ഗ്രൂപ്പ്-ബി ഗസറ്റഡ് പദവി നല്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടാതെ, ലെവല് 7-ല് ആരംഭിച്ച് അഞ്ച് ഗ്രേഡുകളുള്ള ഒരു കരിയര് ഘടന ജൂനിയര് എഞ്ചിനീയര്മാര്ക്കായി സംഘടന നിര്ദ്ദേശിച്ചിട്ടുണ്ട്. തൊഴില് ജീവിതത്തിലെ വളര്ച്ചാമുരടിപ്പ് പരിഹരിക്കുന്നതിന് മികച്ച സ്ഥാനക്കയറ്റ അവസരങ്ങള് ആവശ്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കൃത്യമായ ഇടവേളകളില് സ്ഥാനക്കയറ്റം ലഭിക്കാത്ത ജീവനക്കാരുടെ തൊഴില്പരമായ പുരോഗതി മെച്ചപ്പെടുത്തുന്നതിനായി 'മോഡിഫൈഡ് അഷ്വേര്ഡ് കരിയര് പ്രോഗ്രഷന് സ്കീമില്' മാറ്റങ്ങള് വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രികാല ജോലി, ഓവര്ടൈം അലവന്സ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില് മാറ്റം വരുത്തണമെന്ന് ഐആര്ടിഎസ്എ ആവശ്യപ്പെട്ടു.
കൂടാതെ, 'ഓപ്പണ്-ലൈന്' എന്ജിനീയര്മാര്ക്കും ദുഷ്കരമായ സാഹചര്യങ്ങളില് ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്ക്കും ലഭിക്കേണ്ട റിസ്ക്, ഹാര്ഡ്ഷിപ്പ് അലവന്സുകള് സംബന്ധിച്ച വിഷയവും സംഘടന ഉന്നയിച്ചു. സുരക്ഷാ ചുമതലകള്, ദുഷ്കരമായ തൊഴില് സാഹചര്യങ്ങള്, ക്രമരഹിതമായ ജോലി സമയം എന്നിവ ഉള്പ്പെടുന്ന റെയില്വേ സാങ്കേതിക വിഭാഗം ജീവനക്കാര്ക്ക് ഈ ആവശ്യങ്ങള് വളരെ പ്രധാനമാണ്.