അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒ ആരാകും? ചുരുക്കപ്പട്ടികയിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ
അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒയെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഇന്ന് മുതൽ. 5,300-ലധികം അപേക്ഷകരിൽ നിന്ന് 18 പേരെയാണ് അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. 11, 12 തീയതികളിൽ അന്തിമ അഭിമുഖം നടക്കും.
റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥരും മുതിർന്ന ബ്യൂറോക്രാറ്റുകളുമാണ് അപേക്ഷകരിൽ ഭൂരിഭാഗവും. 50 വയസിനും 70നും ഇടയിൽ പ്രായമുള്ള 20 വർഷത്തെ ഭരണപരിചയമുള്ളവരും ആയിരിക്കണം അപേക്ഷകർ. ഹിന്ദുക്കളായിരിക്കണം, പൂർണ സസ്യാഹാരികളായിരിക്കണം, മദ്യപാനം പൂർണമായും ഒഴിവാക്കുന്നവരുമായിരിക്കണം തുടങ്ങിയ നിബന്ധനകളും അപേക്ഷകർക്കായി മുന്നോട്ടുവച്ചിരുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന സിഇഒ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാകും ചുമതലയേൽക്കുക. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവയുടെ മേൽനോട്ടം ഉൾപ്പെടെ വിപുലമായ ചുമതലകളായിരിക്കും സിഇഒയ്ക്കുണ്ടാവുക.