ശാസ്ത്രപ്രചാരകന്‍ എം പി പരമേശ്വരൻ അന്തരിച്ചു
ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രമുഖ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ എം പി പരമേശ്വരൻ (91) അന്തരിച്ചു. ആണവ ശാസ്ത്രജ്ഞൻ ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. മലയാളത്തിൽ ശാസ്ത്രവിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൻ വി കൃഷ്ണവാര്യരോടൊപ്പം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017ൽ അദ്ദേഹത്തിന് ലഭിച്ചു.
തൃശൂരിലെ കിരാലൂരിൽ, 1935 ജനുവരി 18ന് ജനനം. അച്ഛൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരി, അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. പ്രാഥമികവിദ്യാഭ്യാസം തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ. തുടർന്ന് തൃശ്ശൂരിലെത്തന്നെ സിഎംഎസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി ന്യൂക്ലിയർ എഞ്ചിനീറിങ്ങിൽ ഒരു ഇന്ത്യക്കാരൻ ആദ്യമായി നേടുന്ന ഗവേഷണ ബിരുദമാണിത്. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബോംബെ ശാഖയുമായി ബന്ധപ്പെട്ടാണ് ആദ്യകാല പൊതു പ്രവർത്തനം