സ്കൂളിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥിനികളുടെ മദ്യപാനം; വീഡിയോ ദൃശ്യം പുറത്ത്
തമിഴ്നാട്ടിലെ കന്യാകുമാരി (Kanyakumari) ജില്ലയിൽ സ്കൂൾ ക്യാമ്പസിൽ രണ്ട് വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമാവുന്നു. തക്കലയ്ക്ക് സമീപത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈയിലാണ് സംഭവം നടന്നത്. സഹപാഠികൾ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18നോട് പറഞ്ഞു.
സ്കൂൾ പ്രധാനാധ്യാപിക പ്രമീള ഇവാഞ്ചലിന് നൽകിയ പരാതിക്കൊപ്പം വിദ്യാർത്ഥികൾ ഈ ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു. തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികളെ പ്രധാനാധ്യാപിക വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
സ്കൂളിന്റെ സൽപ്പേര് സംരക്ഷിക്കാനും തനിക്കെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനും സംഭവം വീട്ടിൽവെച്ചാണ് നടന്നതെന്ന് രേഖാമൂലം മൊഴി നൽകാൻ പ്രധാനാധ്യാപിക വിദ്യാർത്ഥിനികളെ നിർബന്ധിച്ചതായി റിപ്പോർട്ടുകളുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ചീഫ് എജുക്കേഷണൽ ഓഫീസർ സംഭവത്തിൽ നേരിട്ടന്വേഷണം നടത്താൻ ഉത്തരവിട്ടു. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് പ്രധാനാധ്യാപികയെ അടിയന്തരമായി സ്ഥലംമാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവിട്ടതായും വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18നോട് പറഞ്ഞു.