Select Location
All Locations
State
Region
City / District
ലുങ്കി ധരിച്ചാല്‍ എന്താണ് കുഴപ്പം? പാര്‍ലമെന്റും കടന്ന് ലുങ്കി വിവാദം പറക്കുന്നു

പാര്‍ലമെന്റില്‍ പലപ്പോഴും രൂക്ഷമായ വാഗ്വാദങ്ങളുണ്ടാകാറുണ്ട്. ഇത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും വരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോള്‍ ബിജെപി എംപി സുസ്മിത ദേവ് ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ടായിരുന്നു
അതിരുകടക്കുന്ന പരാമര്‍ശം ഉണ്ടാകുന്നതുവരെ അദ്ദേഹം അത് ക്ഷമയോടെ നേരിട്ടു. എന്നാല്‍ ഇതിനിടെ സുസ്മിത ദേവ് 'ലുങ്കി വാല' (ലുങ്കി ധരിക്കുന്നയാള്‍) എന്ന് വിളിച്ച് ബ്രിട്ടാസിനെ ആക്ഷേപിച്ചു. ഇതിനെതിരെ ബ്രിട്ടാസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയും മാധ്യമങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. മറ്റു പലരും ഇതില്‍ അഭിപ്രായം രേഖപ്പെടുത്തി.
ഒടുവില്‍ അത്തരം പ്രയോഗങ്ങളെ തന്റെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സഭാനേതാവ് ജെപി നദ്ദ പറഞ്ഞു. എന്നിരുന്നാലും, ഒരു മലയാളി എന്ന നിലയില്‍ 'ലുങ്കി വാല' എന്ന് വിളിക്കുന്നതില്‍ അത്രമാത്രം അപമാനകരമായി എന്താണുള്ളത് എന്ന തരത്തിലും പലകോണിലും ചോദ്യങ്ങളുയര്‍ന്നു. വൈകാതെ ഒരു പാര്‍ലമെന്റ് വാഗ്വാദം രാജ്യത്തെ സാംസ്‌കാരിക ലോകം ഏറ്റെടുക്കുകയും ചെയ്തു.
ഒരു ജനപ്രതിനിധി സാധാരണമായ ഒരു വസ്ത്രത്തെ പരിഹാസത്തിനുള്ള ഉപാധിയാക്കി മാറ്റുമ്പോള്‍, അതൊരു പാര്‍ലമെന്ററി തമാശ എന്നതിലുപരി, ഒരു അധിക്ഷേപത്തിന്റെ പ്രശ്‌നമായി മാറുന്നു. സുസ്മിത ദേവ് ആ പ്രയോഗം നടത്തിയത് അവഹേളനപരമായ ഉദ്ദേശ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ്, അതൊരുതരം സ്റ്റീരിയോടൈപ്പിംഗ് (തെറ്റായ പൊതുബോധം സൃഷ്ടിക്കല്‍) ആണെന്ന് ആരോപിച്ച് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെ വസ്ത്രധാരണത്തെയോ സ്വത്വത്തെയോ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ദേവ് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവും തെളിയിക്കപ്പെട്ട വസ്തുതയും തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്. എങ്കിലും, ഒരു പ്രധാന ചോദ്യം അപ്പോഴും അവശേഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് 'ലുങ്കി' പരിഹാസത്തിനുള്ള ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നത്?
ഇതാണ് ഇന്ന് ഇന്ത്യയാകെ ഇതിന്‍മേല്‍ പ്രതികരണം വരാന്‍ കാരണവും. ലുങ്കി ഒരു തമാശയല്ല. വിവിധ പ്രദേശങ്ങളിലും മതങ്ങളിലും സാമൂഹിക വിഭാഗങ്ങളിലും പെട്ട ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അത് ധരിക്കുന്നുണ്ട്. കേരളത്തില്‍ മുണ്ടിനൊപ്പം ലുങ്കിയും പ്രചാരത്തിലുണ്ട്. മറ്റ് സ്ഥലങ്ങളില്‍, സമാനമായ പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് അവയുടേതായ ചരിത്രവും അര്‍ത്ഥവുമുണ്ട്.


One India Malayalam 56 minutes ago
Home Flash News