Select Location
All Locations
State
Region
City / District
LIVE
E20 പെട്രോള്‍ പിന്‍വലിക്കുമോ? E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

E20 പെട്രോളിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഹന ഉടമകളില്‍ നിന്നുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ, പഴയ ഇരുചക്രവാഹനങ്ങള്‍ക്കായി E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. കൂടാതെ, എഥനോള്‍ മിശ്രണം 20 ശതമാനത്തില്‍ കൂടുതലായി വര്‍ധിപ്പിക്കുന്നതിന് മുമ്പ് 'ഭക്ഷണം വേണോ ഇന്ധനം വേണോ' എന്ന വിഷയത്തിലെ സങ്കീര്‍ണതകള്‍ രാജ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
'ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. 'പഴയ വാഹനങ്ങളില്‍ E20 പെട്രോള്‍ പ്രവര്‍ത്തിക്കുമോ എന്നതല്ല ഇപ്പോള്‍ ഇന്ത്യ നേരിടുന്ന ഏക ചോദ്യം. രാജ്യത്ത് എഥനോളിന്റെ ആവശ്യം വര്‍ധിക്കുമ്പോള്‍, എന്തൊക്കെ വിളകള്‍ കൃഷി ചെയ്യണം, എത്രത്തോളം ഭൂമിയും ജലവും ഇതിനായി മാറ്റിവെക്കണം, നിലവിലുള്ള ഏതെല്ലാം കാര്‍ഷിക ആവശ്യങ്ങളെ ഇത് ബാധിക്കും തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.
E27, E30 തുടങ്ങിയ ഭാവിയിലെ മിശ്രണങ്ങളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ട് പോകുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില നയപരമായ തീരുമാനങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ തിരുത്താന്‍ കഴിയുമെങ്കിലും, കൃഷിരീതികളില്‍ മാറ്റം വരുത്തുന്നതും ഇന്ധന ഉല്‍പ്പാദനത്തിനായി ഭൂമിയും ജലവും മാറ്റിവെക്കുന്നതും പിന്നീട് തിരുത്താന്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അനന്തനാഗേശ്വരന്‍ പറഞ്ഞു.
ഇന്ത്യയുടെ എഥനോള്‍ പദ്ധതി അതിവേഗം വികസിക്കുകയും, 20 ശതമാനം ബ്ലെന്‍ഡിംഗ് എന്ന ലക്ഷ്യം നിശ്ചയിച്ചതിലും നേരത്തെ കൈവരിക്കുകയും ചെയ്തു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും കര്‍ഷകര്‍ക്കും എഥനോള്‍ ഉല്‍പ്പാദകര്‍ക്കും അധിക വിപണി ഒരുക്കാനും ഈ പദ്ധതി സഹായിക്കുന്നുവെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത്

എന്നാല്‍ ബ്ലെന്‍ഡിംഗ് നിരക്ക് കൂടുമ്പോള്‍ കൂടുതല്‍ എഥനോള്‍ ആവശ്യമായി വരുന്നു. കൂടുതല്‍ എത്തനോളിന് കൂടുതല്‍ അസംസ്‌കൃത വസ്തുക്കളും ആവശ്യമാണ്. കരിമ്പ്, ചോളം, അരി, മറ്റ് ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇന്ത്യ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എഥനോളിനുള്ള ആവശ്യം വര്‍ധിക്കുമ്പോള്‍, ഡിസ്റ്റിലറികള്‍ ഈ വിളകളുടെ മറ്റൊരു പ്രധാന ഉപഭോക്താവായി മാറുന്നു.


One India Malayalam 1 hour ago
Home Flash News