തന്റെ മണ്ഡലത്തോട് സംസ്ഥാന സർക്കാരുകൾ തുടർച്ചയായി കടുത്ത അവഗണന കാണിക്കുകയാണെന്നും, അതിനാൽ മണ്ഡലത്തെ അയൽസംസ്ഥാനമായ ആന്ധ്രപ്രദേശിൽ ലയിപ്പിക്കുന്നതാണ് നല്ലതെന്നും പ്രസ്താവന നടത്തിയ കർണാടകയിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. ചിത്രാദുർഗ്ഗ ജില്ലയിലെ മൊളകാൽമുരു മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എൻ. വൈ. ഗോപാലകൃഷ്ണയാണ് വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
മൊളകാൽമുരുവിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗോപാലകൃഷ്ണയുടെ പരാമർശം. "മൊളകാൽമുരു ആരുടെയും കണ്ണിൽ പെടുന്നില്ല. മറ്റ് പ്രദേശങ്ങൾക്ക് വികസനം ലഭിക്കുമ്പോൾ ഈ പ്രദേശം എന്നും അവഗണിക്കപ്പെടുകയാണ്. ഇവിടെയുള്ള എംഎൽഎമാർ പോലും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നില്ല. ഈ പ്രദേശത്തെ ആന്ധ്രപ്രദേശിലോ ചളക്കെരെ താലൂക്കിലോ ലയിപ്പിക്കുന്നതാണ് നല്ലത്. ഇത് എന്നെ ഏറെ വേദനിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് മൊളകാൽമുരു.
തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്നും താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും പിന്നീട് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം വ്യക്തമാക്കി. മൊളകാൽമുരു താലൂക്കിൽ മികച്ച ജലസേചന സൗകര്യങ്ങളും പ്രത്യേക വികസന പാക്കേജും വേണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും, ആന്ധ്രപ്രദേശിൽ ലയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണ വിശദീകരിച്ചു.
LIVE