'അതിമനോഹരം' മോഹൻലാൽ-തരുൺമൂർത്തി ചിത്രത്തിന്റെ ഷൂട്ടിംഗിന് നിലയ്ക്കലിലും പമ്പയിലും ഹൈക്കോടതി അനുമതി
തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന അതിമനോഹരം സിനിമയുടെ ശബരിമല ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ട് സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ ഹൈക്കോടതി അനുമതി നല്‍കി. നിലയ്ക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താനാണ് കോടതി അനുമതി നൽകിയത്.
നിബന്ധനകളോടെ അനുമതി ആകാം എന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. പെരിയാർ ടൈഗർ റിസേർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും, വനം വന്യജീവി പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ചിരുന്നു
തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്തത്തിൽ മോഹൻലാൽ എത്തുന്നതെന്ന് പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ശബരിമലയിൽ പോകുന്ന ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജൻ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.ഡിസംബർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.