കാബോ വെർദെ ഇന്ത്യയിലേക്ക് വരുന്നോ? വരുന്നത് വമ്പൻ സൗഹൃദ ഫുട്ബോൾ മത്സരം
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ആവേശകരമായ പോരാട്ടത്തിന് കൂടി വഴിയൊരുങ്ങുന്നു. സമീപകാല ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച കേപ് വെർദെയെ (Cape Verde) സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ ഇന്ത്യയിൽ സൗഹൃദ മത്സരത്തിനായി എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 3ന് കൊൽക്കത്തയിൽ ബ്രസീലിനെതിരെ ഇന്ത്യ കളിക്കുന്ന വമ്പൻ സൗഹൃദ മത്സരത്തിന് മുന്നോടിയായോ ശേഷമോ ആയിരിക്കും കേപ് വെർദെയുമായുള്ള മത്സരം നടത്താൻ ആലോചന. വേദിയും കൃത്യമായ തീയതിയും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
“ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. എന്നിരുന്നാലും, സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ കേപ് വെർദെയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനുള്ള സാധ്യത ഏറെയാണ്,” ഒരു വൃത്തം പിടിഐയോട് പറഞ്ഞു.
“ഔദ്യോഗിക തീരുമാനമുണ്ടായശേഷം മാത്രമേ വേദിയും തീയതിയും സംബന്ധിച്ച് അന്തിമ ധാരണയിലെത്തൂ. നടപടിക്രമങ്ങളും ചർച്ചകളും പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ,” വൃത്തം കൂട്ടിച്ചേർത്തു.