ഗുരുവായൂരിൽ ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി 1080 വിവാഹം
ചിങ്ങമാസത്തിലെ മൂന്ന് പ്രധാന ദിവസങ്ങളിലായി ഗുരുവായൂർ ക്ഷേത്രത്തിൽ 1080 വിവാഹങ്ങൾ ബുക്ക് ചെയ്തു. ഓഗസ്റ്റ് 23-ന് 422, ഓഗസ്റ്റ് 30-ന് 338, സെപ്റ്റംബർ 12-ന് 320 എന്നിങ്ങനെയാണ് ഇതുവരെയുള്ള വിവാഹ ബുക്കിങ്ങുകൾ. തലേദിവസം വരെ ബുക്ക് ചെയ്യാൻ സൗകര്യമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയർന്നേക്കും.
തിരക്കേറിയ ദിവസങ്ങളിൽ വിവാഹച്ചടങ്ങുകൾ തടസ്സമില്ലാതെ നടത്തുന്നതിനായി ദേവസ്വം ചെയർമാൻഎ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുകയും കലക്ടർ ശിഖ സുരേന്ദ്രൻ ക്രമീകരണങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പുലർച്ചെ നാലുമണി മുതൽ ആറ് കല്യാണ മണ്ഡപങ്ങളിലായി താലികെട്ട് ചടങ്ങുകൾ നടക്കും. എല്ലാ മണ്ഡപങ്ങളിലും ആചാര്യന്മാരെയും ഒന്നിലധികം നാഗസ്വര സംഘങ്ങളെയും നിയോഗിക്കും. കിഴക്കേ നടപ്പുരയിൽ വൺവേ സംവിധാനം ഏർപ്പെടുത്തുന്നതിനൊപ്പം വധുവരന്മാരും ഫൊട്ടോഗ്രഫർമാരും ഉൾപ്പെടെ 24 പേർക്ക് മാത്രമായിരിക്കും മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിക്കുക.
മേൽപുത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങിയ ശേഷം വിവാഹസംഘങ്ങൾക്ക് പന്തലിൽ വിശ്രമിക്കാം. താലികെട്ട് സമയത്ത് മാത്രമായിരിക്കും ഇവരെ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുക. ചടങ്ങ് കഴിഞ്ഞവർ തെക്കേനട വഴി പുറത്തേക്ക് പോകേണ്ടതാണ്. ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. സുരക്ഷയ്ക്കായി കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം ആംബുലൻസ്, അഗ്നിരക്ഷാസേന സൗകര്യങ്ങളും സജ്ജമാക്കും. തിരക്കുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനുള്ളിൽ അടി പ്രദക്ഷിണവും ശയനപ്രദക്ഷിണവും അനുവദിക്കില്ലെന്നും ദേവസ്വം അറിയിച്ചു.