നാടും നഗരവും ഉത്രാടപാച്ചിലിൽ; ഓണം കളറാക്കാൻ മലയാളികൾ; മഴ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ വ്യാപാരികൾ
പൂവിളികളും ആവേശവുമായി തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക്. ഓണസദ്യയ്ക്കുള്ള വട്ടങ്ങളും ഓണക്കോടിയും പൂക്കളത്തിനുള്ള പൂക്കളും വാങ്ങാൻ സംസ്ഥാനത്തെ പ്രധാന വിപണികളിലെല്ലാം കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, ആഘോഷങ്ങൾക്കിടയിൽ ആശങ്ക പടർത്തി കനത്ത മഴ, ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നു.
വിപണികളിൽ വൻ തിരക്ക്; മഴ പെയ്യും മുൻപേ സാധനങ്ങൾ വാങ്ങാൻ നെട്ടോട്ടം
ഉത്രാട ദിനമായ ഇന്ന് ഉച്ചയോടെ വിപണികളിൽ തിരക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. മലബാർ മേഖലയിൽ സദ്യയ്ക്കൊപ്പം മത്സ്യ-മാംസ വിഭവങ്ങൾ നിർബന്ധമായതിനാൽ ഇറച്ചി, മീൻ ചന്തകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പരമാവധി വേഗത്തിൽ ഷോപ്പിങ് പൂർത്തിയാക്കാനുള്ള തിരക്കിലാണ് ആളുകൾ.
നിറഞ്ഞു കവിഞ്ഞ് വിപണികൾ; പൊടിപൊടിച്ച് തെരുവോരക്കച്ചവടം
നഗരങ്ങളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും ഓണച്ചന്തകളും ജനങ്ങളാൽ നിറഞ്ഞു. വലിയ കടകൾക്ക് പുറമെ തെരുവോരങ്ങളിലും ഫുട്‌പാത്തുകളിലും കച്ചവടം പൊടിപൊടിക്കുകയാണ്.