നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ബത്‍ലഹേം കുടുംബ യൂണിറ്റ് ബോക്സോഫീസ് റെക്കോർഡുകൾ മറികടക്കുമ്പോൾ സംവിധായകൻ ഗിരീഷ് എഡി പുതിയ നേട്ടത്തിലേക്ക് എത്തുകയാണ്. തുടർച്ചയായി രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ലബ്ബിലെത്തുന്ന സംവിധായകനെന്ന പേര് ഇനി ഗിരീഷ് എഡിക്കും സ്വന്തം.
ഇതിന് മുൻപ് പൃഥ്വിരാജ് സുകുമാരൻ മാത്രമാണ് ഈ നേട്ടത്തിൽ ഉണ്ടായിരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, എംപുരാൻ എന്നീ ചിത്രങ്ങൾ നൂറ് കോടി ക്ലബ്ബ് കടന്നിരുന്നു. ലൂസിഫർ ആഗോള കളക്ഷനിൽ 128 കോടിയും എംപുരാൻ 268 കോടിയുമാണ് നേടിയത്.
2024 ൽ പ്രദർശനത്തിനെത്തിയ ഗിരീഷ് എഡിയുടെ പ്രേമലു ആഗോള തലത്തിൽ 136 കോടി കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ ആറ് ദിവസം കൊണ്ടാണ് ബത്‍ലഹേം കുടുംബ യൂണിറ്റ് നൂറ് കോടി ക്ലബ്ബിലെത്തിയത്. പ്രമുഖ ട്രേഡ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ചിത്രം ഇതിനകം 128 കോടി നേടി. ഇതോടെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഗിരീഷ് എഡി ഉയർന്നു.
LIVE