ഡാൻസാഫ് എസ്ഐയുടെ എംഡിഎംഎ വിൽപന; യുവാവ് അറസ്റ്റിൽ
ഡാൻസാഫ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിവന്ന കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്തിനെ പൊലീസ് പിടികൂടി. സബ് ഇൻസ്പെക്ടറുടെ വേഷം ധരിച്ച് ലഹരി മരുന്ന് വിൽപനക്കാരിൽ നിന്നും മറ്റും ലഹരിമരുന്ന് പിടിച്ചെടുത്ത ശേഷം, അത് പിന്നീട് ഇയാൾ തന്നെ വിൽപന നടത്തുന്നതായിരുന്നു റോജിത്തിന്റെ രീതി.
രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ച് വ്യാഴാഴ്ച രാത്രി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്ന് ഇയാൾ വൻതോതിൽ പണം തട്ടിയെടുത്തതായും പൊലീസിന് ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. വ്യാജ പൊലീസ് ചമച്ച് ഇയാൾ നടത്തിവന്ന മറ്റ് തട്ടിപ്പുകളെക്കുറിച്ചും ലഹരി ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.