Select Location
All Locations
State
Region
City / District
LIVE
489 മൃതദേഹങ്ങൾ കണ്ടെടുത്തു, മരണസംഖ്യ ഉയരുന്നു; വിദേശ രക്ഷാപ്രവർത്തകരുടെ സഹായം വേണ്ടെന്ന് നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 489 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. 
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച റാസുവ, നുവകോട്ട് എന്നീ ജില്ലകളിൽനിന്ന് ഇന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നുണ്ടെങ്കിലും വിദേശ രക്ഷാപ്രവർത്ത സംഘങ്ങളുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നേപ്പാൾ.
ഇന്ത്യ, ചൈന, യു.എസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ സംഘങ്ങളെ അയക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും നേപ്പാൾ ഇത് നിരസിക്കുകയായിരുന്നു. 
തങ്ങളുടെ സുരക്ഷാ ഏജൻസികൾക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് നേപ്പാൾ വ്യക്തമാക്കി. 2015-ലെ ഭൂകമ്പാനന്തര അനുഭവമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയത് ഏകോപനത്തിലും മാനേജ്മെന്റിലും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 
രക്ഷാപ്രവർത്തകരെ അയക്കുന്നതിന് പകരം സാമ്പത്തിക സഹായമാണ് ആവശ്യമെന്നാണ് നേപ്പാൾ സർക്കാർ പറയുന്നത്. പുനരധിവാസ, പുനർനിർമ്മാണ ഘട്ടങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


Mathrubhumi News 16 minutes ago
Home Flash News