യുവതിയുടെയും കുഞ്ഞിന്റെയും കഴുത്തറുത്തത് യന്ത്രം കൊണ്ട്; പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് കേരളം വിട്ടു?
അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും 5 വയസുതോന്നിക്കുന്ന പെൺകുഞ്ഞിന്റെയും ഉടലുകളും തലകളും മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണു സൂചന. പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാൾ കേരളം വിട്ടെന്നുമാണ് വിവരം.
കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണ് പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യുവതിയുടെ ഭർത്താവ് തന്നെയാണ് പ്രതിയെന്നും ഇവർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇവർ ബംഗാൾ സ്വദേശികളാണെന്നാണ് വിവരം. തോട്ടം തൊഴിലാളിയാണ് പ്രതി. 20 ദിവസം മുൻപാണ് ഇയാളും ഭാര്യയും മകളും അട്ടപ്പാടിയിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ക്രൂരമായ കൊല
യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ക്രൂരകൃത്യം നടത്താൻ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്.
പുതൂർ ചീരക്കടവിൽ ഞായറാഴ്ച ഉച്ചയോടെയാണ് പരിസരവാസികൾ ചാക്കുകെട്ടുകൾ കണ്ടത്. പുഴയിൽ ഒഴുകിയെത്തിയ ചാക്കുകെട്ടുകൾ വെള്ളം കുറഞ്ഞതോടെ പുറത്തുകാണുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകൾ കണ്ടെത്തി. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കിൽ പെൺകുട്ടിയുടെ ശരീരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കിൽ യുവതിയുടെ ഉടൽ കണ്ടെത്തിയത്.
യുവതിക്ക് 30 വയസ്സും പെൺകുട്ടിക്ക് 5 വയസ്സും തോന്നിക്കുന്നതായി പോലീസ് പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങളിലും അടിവസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.