ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന് ഹെൽമെറ്റില്ലെന്ന് കാണിച്ച് 500 രൂപ പിഴ; കുരുക്കിലായി ഉടമ
ജീവിതത്തില്‍ ഇന്നുവരെ തൊട്ടിട്ടില്ലാത്ത ഒരു സ്‌കൂട്ടറിന്റെ പേരില്‍ വന്ന ട്രാഫിക് പിഴയടക്കാനാവാതെ വട്ടം കറങ്ങുകയാണ് മലപ്പുറം വാണിയമ്പലം സ്വദേശി. വാണിയമ്പലം കെ.കെ.എസ് നഴ്‌സറി ഉടമയായ പി.കെ. മുഹമ്മദ് ജമാലിനാണ് പൂക്കോട്ടുംപാടം പൊലീസിന്റെ അബദ്ധം കാരണം അപൂർവ്വമായ ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തുവെന്ന് കാണിച്ച് 500 രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ടുള്ള ഇ-ചലാനാണ് ജമാലിനെ തേടിയെത്തിയത്.
താൻ ഒരിക്കലും ഉപയോഗിക്കാത്ത ഒരു വാഹനത്തിന് എങ്ങനെ പിഴയടിച്ചുള്ള നോട്ടീസ് വന്നുവെന്ന ആശയക്കുഴപ്പത്തിലാണ് ഈ വ്യാപാരി. ഫോട്ടോ സഹിതം ലഭിച്ച നോട്ടീസില്‍ ഹെല്‍മെറ്റില്ലാതെ വാഹനം ഓടിക്കുന്ന ആളുടെ ദൃശ്യവും സ്‌കൂട്ടറിന്റെ ചിത്രവും വ്യക്തമായുണ്ട്. ഫോട്ടോയിലുള്ള സ്‌കൂട്ടറിന്റെ നമ്പറും ജമാലിന്റെ കൈവശമുള്ള ഹോണ്ട ഷൈന്‍ ബൈക്കിന്റെ നമ്പറും തമ്മിൽ യാതൊരു ബന്ധവുമില്ല. ചിത്രത്തിലുള്ള വാഹനമോ അതിലുള്ള ആളോ ആരാണെന്ന് പോലും ജമാലിന് യാതൊരു പരിചയവുമില്ല. എന്നാല്‍, പൊലീസ് അയച്ച ചലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജമാലിന്റെ ബൈക്കിന്റെ നമ്പറാണെന്നതാണ് വിചിത്രമായ കാര്യം.
പ്രശ്‌നത്തിന് പരിഹാരം തേടി നിലമ്പൂർ ആർ.ടി. ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ, അമരമ്പലത്താണ് സംഭവം നടന്നിട്ടുള്ളതെന്നും പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനുമായിരുന്നു ലഭിച്ച നിർദേശം. എന്നാല്‍ സ്വന്തം ഭാഗത്തുനിന്നുണ്ടായ അബദ്ധം തിരുത്താൻ തയാറാകാതെ പൊലീസ് കൈമലർത്തുന്നത് ജമാലിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. തെറ്റായ ഈ ചലാൻ തുക അടച്ച് തടിതപ്പിയാല്‍ ഭാവിയിലും സമാനമായ കുരുക്കുകൾ തന്നെ തേടിയെത്തുമോ എന്ന വലിയ ആശങ്കയിലാണ് ഇദ്ദേഹം.