നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം; ‘നാഗകന്യക’ ഫെയിം മൗനി റോയിയും സൂരജ് നമ്പ്യാരും വേർപിരിഞ്ഞു
നാഗകന്യകയിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമായ മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും തമ്മിൽ വേർപിരിഞ്ഞു. ദിവസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കിപ്പുറമാണ് ഇരുവരും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. വളരെ ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്ന് ഇരുവരും കുറിച്ചു. വെറുതെ ഓരോരോ കാര്യങ്ങള്‍ എഴുതരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹമോചനത്തിനു ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടരുമെന്ന് അവർ അറിയിച്ചു.
സമൂഹമാധ്യമത്തിൽ ഇരുവരും അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാനായി തുടങ്ങിയത്. തങ്ങളുടെ വിവാഹചിത്രങ്ങള്‍ മൗനി അർക്കൈവ് ചെയ്യുകയും സൂരജിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിയാക്ടിവേറ്റാവുകയും ചെയ്തിരുന്നു. ഇത് ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയാകുകയും ചെയ്തു. അതേസമയം, മൗനിയുടെ അടുത്ത സുഹൃത്തായ ദിശ പഠാനിയും സൂരജിനെ സമൂഹമാധ്യമങ്ങളിൽ അണ്‍ഫോളോ ചെയ്തു. ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമാകുകയായിരുന്നു.
2018ൽ ദുബായിയിൽ നടന്ന ന്യൂഇയർ പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. 2022 ജനുവരിയിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഗോവയിൽ വെച്ചായിരുന്നു വിവാഹം.