Select Location
All Locations
State
Region
City / District
'ഇന്ത്യക്കാർക്ക് ഇസ്രായേലിനോട് വലിയ സ്നേഹം'; ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

'ഇന്ത്യക്കാർക്ക് ഇസ്രായേലിനോട് വലിയ സ്നേഹം'; ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ആഗോളതലത്തിൽ വിവിധ കോണുകളിൽ നിന്ന് ഇസ്രായേൽ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിൽ,ഇന്ത്യ നൽകുന്ന ശക്തമായ പിന്തുണയെ പ്രശംസിച്ച് ബെഞ്ചമിൻ നെതന്യാഹു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവേ ഇന്ത്യയിൽ ഇസ്രായേലിന് ലഭിക്കുന്ന വലിയ ജനപിന്തുണയെ നെതന്യാഹു പ്രത്യേകം ചൂണ്ടിക്കാട്ടി.

'ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഞങ്ങൾ കടുത്ത വിമർശനങ്ങളും ബഹിഷ്കരണ ഭീഷണികളും നേരിടുന്നുണ്ട്, എന്നാൽ ഇന്ത്യയിൽ അതില്ല. ഇന്ത്യക്കാർക്ക് ഇസ്രായേലിനോട് വലിയ സ്നേഹമാണുള്ളത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് എനിക്ക് ഇന്ത്യയിൽ നിന്നാണുള്ളതെന്നാണ് ഞാൻ കരുതുന്നത്,' നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ആഗോള നയതന്ത്രത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷവും സുസ്ഥിരവുമായി വളരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെറുസലേം സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന. മോദിയുടെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്തിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, സെമികണ്ടക്ടറുകൾ, ബയോടെക്നോളജി, കൃഷി, പ്രതിരോധം, ജലവിഭവ മാനേജ്‌മെന്റ്, ഫിൻടെക്, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, വാണിജ്യം എന്നീ മേഖലകളിലെ നിരവധി കരാറുകളിലും ഇരുനേതാക്കളും ഒപ്പുവെച്ചു. 2025 നവംബറിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തിയിരുന്നു. കൂടാതെ, അതിവേഗ ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ യുപിഐ സാങ്കേതികവിദ്യ ഇസ്രായേലിന്റെ ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇരുരാജ്യങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.


News18Kerala 2 days ago
Home Flash News