ഗോവ കോൺഗ്രസിൽ പിളർപ്പ്? ബിജെപി തിരക്കഥയിൽ 100 കോടിയുടെ അട്ടിമറി നീക്കമെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ
2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ കോൺഗ്രസ് വീണ്ടും പുതിയ പ്രതിസന്ധി നേരിടുന്നതായി സൂചന. സംസ്ഥാന കോൺഗ്രസ് ഘടകം പിളർപ്പിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 'ഗോവ കോൺഗ്രസ് പാർട്ടി' എന്ന പേരിൽ പുതിയ രാഷ്ട്രീയ സംഘടന രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഒരു കൂട്ടം പാർട്ടി അംഗങ്ങൾ പൊതു നോട്ടീസ് പുറപ്പെടുവിച്ചതായും, ഇത് കോൺഗ്രസിൽ നിന്നുള്ള ഔദ്യോഗികമായ ഒരു കൂട്ടായ്മയുടെ പിളർപ്പ് സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, പിളർപ്പ് അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ രംഗത്തെത്തി. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനായി പത്രങ്ങളിൽ വന്ന പൊതു നോട്ടീസിനെച്ചൊല്ലി ഭരണകക്ഷിയായ ബിജെപിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. അധികാരം നിലനിർത്താൻ വോട്ട് ഭിന്നിപ്പിക്കുന്ന ബിജെപിയുടെ പഴയ തന്ത്രമാണിതെന്ന് പത്രങ്ങളിൽ നോട്ടീസ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ചോദങ്കർ പ്രതികരിച്ചു.
ഈ പുതിയ രാഷ്ട്രീയ പാർട്ടിയിൽ അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിലുടനീളം കോൺഗ്രസ് കൂടുതൽ ശക്തമാകുകയും ജനങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾക്കൊപ്പം അണിനിരക്കുകയും ചെയ്യുമ്പോൾ ബിജെപി വീണ്ടും അവരുടെ പഴയ കളികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സ്വന്തം ഭരണനേട്ടങ്ങൾ കാണിച്ച് ജനങ്ങളെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ട് സെക്യുലർ വോട്ടുകൾ ഭിന്നിപ്പിക്കാനായി ബിജെപി സ്പോൺസർ ചെയ്ത മറ്റൊരു രാഷ്ട്രീയ സംഘടനയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം ഒരാഴ്ച മുമ്പ് തന്നെ ഈ '100 കോടി രൂപയുടെ ഓപ്പറേഷനെ' കുറിച്ച് തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും, പത്രപ്പരസ്യം വരുന്നതിന് നാല് ദിവസം മുമ്പ് തന്നെ മാധ്യമങ്ങളോട് താൻ ഇത് പരസ്യമായി വെളിപ്പെടുത്തിയിരുന്നുവെന്നും ചോദങ്കർ അവകാശപ്പെട്ടു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആ ആശങ്കകളെ ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ യാതൊരുവിധ പിളർപ്പുമില്ലെന്നും പാർട്ടി എന്നത്തേക്കാളും ശക്തവും ഒറ്റക്കെട്ടുമാണെന്നും ഗോവയുടെ എല്ലാ മേഖലകളിലും പാർട്ടിയുടെ ജനപിന്തുണ വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങൾ പരത്തി ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല. ജനരോഷവും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് തോന്നുമ്പോഴെല്ലാം, തങ്ങളുടെ പരാജയങ്ങൾക്ക് മറുപടി പറയുന്നതിന് പകരം വോട്ടുകൾ ഭിന്നിപ്പിക്കാൻ പുതിയ പാർട്ടികൾ രൂപീകരിക്കുകയോ മറ്റുള്ളവരെ പിന്തുണയ്ക്കുകയോ ചെയ്യുന്ന ഇതേ ഫോർമുല തന്നെയാണ് അവർ പയറ്റാറുള്ളതെന്നും ചോദങ്കർ ആരോപിച്ചു ഭരണത്തിന്റെ മാത്രം പേരിൽ വോട്ട് ചോദിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് അവർക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ ജനങ്ങൾ രാഷ്ട്രീയമായി വളരെയധികം ബോധമുള്ളവരാണെന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി കൃത്രിമമായി നിർമ്മിച്ച ഇത്തരം പരീക്ഷണങ്ങളിൽ അവർ വീഴില്ലെന്നും ചോദങ്കർ പറഞ്ഞു. ഇത്തരം തന്ത്രങ്ങളിലൂടെ തിരിച്ചുവിടപ്പെടുന്ന ഓരോ വോട്ടും ഭരണകക്ഷിയെ ഭരണപരാജയങ്ങളിൽ നിന്ന് രക്ഷപെടാൻ മാത്രമേ സഹായിക്കൂ. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ഫണ്ട് നൽകി നടത്തുന്ന രാഷ്ട്രീയ പ്രൊജക്റ്റുകളെയല്ല, മറിച്ച് യഥാർത്ഥ മാറ്റവും സുതാര്യമായ ഭരണവും ഗോവക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾ ഈ കളി തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ ഇത്തവണ ബിജെപിയുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം പരാജയപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.