ബംഗാളിൽ ബലാത്സംഗക്കൊലക്കേസ് ഇരയുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച സംഭവത്തിൽ മുൻ തൃണമൂൽ എംഎൽഎ അറസ്റ്റിൽ
കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ച സംഭവത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് എം.എൽ.എ നിർമ്മൽ ഘോഷ് അറസ്റ്റിലായി. ആഗസ്റ്റ് 2024-ലാണ് കൊലപാതകം നടന്നത്. സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ബരാക്ക്പൂർ പൊലീസ് കമ്മീഷണറേറ്റ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിർമ്മൽ ഘോഷിന് പുറമെ പാനിഹട്ടി മുനിസിപ്പാലിറ്റി കൗൺസിലർ സോംനാഥ് ദേയ്, ഇരയുടെ കുടുംബത്തിന്റെ അയൽവാസിയായ സഞ്ജീവ് മുഖർജി എന്നിവരുടെ പേരുകളുമുണ്ട്.
കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവിന്റെ പരാതിയെത്തുടർന്ന് ഖർദ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം തടയുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി മൂന്ന് പ്രതികളുടെയും മേൽനോട്ടത്തിൽ അനാവശ്യ തിടുക്കത്തോടെയാണ് സംസ്കാരം നടത്തിയതെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ ബലാത്സംഗക്കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ നടത്തുന്ന അന്വേഷണവും സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട ഈ കേസും വ്യത്യസ്തമാണെന്ന് ബരാക്ക്പൂർ പൊലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ, തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചുവെന്ന കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖർദ പൊലീസ് സ്റ്റേഷനിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.