ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ എട്ട് മണിക്കൂറും മുപ്പത്തിയേഴ് മിനുട്ടും വരിനിന്ന് ദർശനം നടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി അരവിന്ദ് കുമാർ. ക്ഷേത്രത്തിലെ ഇല്ലം നിറയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എപ്പോഴാണ് ക്യൂ നിന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ചൊവ്വാഴ്ച നടക്കുന്ന ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ നമസ്‌കാര മണ്ഡപത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ ക്ഷേത്രത്തിൽ മണിക്കൂറോളം ക്യൂ നിന്ന കാര്യം വ്യക്തമാക്കിയത്.
നമസ്‌കാര മണ്ഡപത്തിൽ നടന്ന ഇല്ലംനിറ പൂജ ഗുരുവായൂർ ദേവസ്വം ബോർഡ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയതിനെതിരെ പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ ഈ ആവശ്യത്തോട് യോജിക്കുന്നതായി ജസ്റ്റിസ് അരവിന്ദ് കുമാർ അഭിപ്രായപ്പെട്ടു.
എന്നാൽ ഈ വിഷയത്തിൽ വിശദമായ വാദം തിങ്കളാഴ്ച കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചേന്നാസ് കുടുംബത്തിന് വേണ്ടി സീനിയർ അഭിഭാഷകരായ ഗുരു കൃഷ്ണ കുമാർ, കെ. പരമേശ്വർ, അഭിഭാഷകൻ എ. കാർത്തിക് എന്നിവർ ഹാജരായി.
ക്ഷേത്രത്തിലെ തന്ത്രി ദിനേശൻ നമ്പൂതിരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ എം.ആർ. അഭിലാഷ് എന്നിവരും ദേവസ്വം ബോർഡിനുവേണ്ടി അഭിഭാഷകൻ ജിഷ്ണു എം.എൽ. തുടങ്ങിയവരും ഹാജരായി.
LIVE