ചരിത്രപ്രസിദ്ധമായ ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് കേന്ദ്ര സർക്കാര്‍ 1.21 കോടി രൂപ അനുവദിച്ചു
ജമ്മു കശ്മീരിലെ ചരിത്രപ്രസിദ്ധമായ ശ്രീനഗര്‍ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 2026-27 ലെ നാഷണല്‍ കള്‍ച്ചറല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ക്ഷേത്രസംരക്ഷണത്തിനും സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഈ തുക വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ശ്രീനഗറില്‍ ആയിരം അടി ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 244 പടികള്‍ കയറിയാണ് നിലവില്‍ സന്ദര്‍ശകര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. ക്ഷേത്രപരിസരത്ത് നിന്നാല്‍ ശ്രീനഗര്‍ നഗരത്തിന്റെയും ദാല്‍ തടാകത്തിന്റെയും ചുറ്റുമുള്ള കുന്നുകളുടെയും കാഴ്ചകള്‍ കാണാം. ഭക്തര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും ഇവിടേക്ക് എത്തിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ താമസിക്കാതെ പുറത്തുവരും. നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം. ജമ്മു കശ്മീരിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ചരിത്രം
കേരളത്തിലെ കാലടിയില്‍ നിന്ന് പുറപ്പെട്ട ആദി ശങ്കരാചാര്യരുടെ കാലടിപ്പാടുകള്‍ പതിഞ്ഞതോടെയാണ് ശ്രീനഗറിലെ ജ്യേതേശ്വരക്ഷേത്രം എന്ന ശിവക്ഷേത്രം ശങ്കരാചാര്യ ക്ഷേത്രം എന്നറിയപ്പെടാന്‍ തുടങ്ങിയത്. കൊടുംകാട്ടിലുള്ള ക്ഷേത്രത്തിലേക്ക് കാല്‍നടയായി കാലങ്ങള്‍ക്ക് മുമ്പെത്തിയ ശങ്കരാചാര്യര്‍ ദീര്‍ഘകാലം തപസ്സനുഷ്ഠിച്ച ശേഷം വിഖ്യാതമായ സൗന്ദര്യലഹരി തയ്യാറാക്കിയത് ഇവിടെ വെച്ചാണെന്ന് കരുതപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1100 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു.