Select Location
All Locations
State
Region
City / District
മലയാളി യുവതിയുടെ മരണം; ബെംഗളൂരുവിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ തദ്ദേശവാസികൾ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ സംഘടിച്ചത്. ബെംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയ ബാലുശ്ശേരി സ്വദേശി മേധാ പൃഥ്വിരാജാണ് (30) കഴിഞ്ഞ ദിവസം മരിച്ചത്. 
ബുധനാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ യാത്രചെയ്യുമ്പോൾ മേധ റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെടുകയുമായിരുന്നു. ചെളിയും കുഴികളും നിറഞ്ഞ റോഡിൽ മേധ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തെന്നി വീഴുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരം മെഴുകുതിരി മാർച്ചും റാലിയും സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലിന്റെയും പ്രാദേശിക ജനപ്രതിനിധികളുടെയും ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 
കഴിഞ്ഞ നാല് വർഷത്തിലേറെയായി അനന്തനഗർ റോഡ് പൂർണ്ണമായും തകർന്നു കിടക്കുകയാണെന്നും, താൽക്കാലികമായി നടത്തുന്ന അറ്റകുറ്റപ്പണികൾ മഴ പെയ്യുമ്പോൾ തന്നെ ഒലിച്ചുപോകുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. 
ജോലിസ്ഥലത്തേക്കുള്ള പതിവ് യാത്രയ്ക്കിടെ, വീടിന് വെറും മൂന്ന് കിലോമീറ്റർ മാത്രം അകലെവെച്ചാണ് മേധയുടെ ജീവൻ പൊലിഞ്ഞത്. വിരമിച്ച അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്‌കാരികപ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകളാണ്. 


Mathrubhumi News 55 minutes ago
Home Flash News