കോഴിക്കോട്: കോഴിക്കോട്ട് പത്തുകോടി രൂപ വിലവരുന്ന മൂന്നര കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി എക്‌സൈസ്. പ്രത്യേക അന്വേഷണസംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥർ സംസ്ഥാനത്തിന് പുറത്തുതന്നെ കൂടുതൽ പ്രതികൾക്കായി തിരിച്ചിൽ തുടരുകയാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫ് മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ വലയിലാകുമെന്നും എല്ലാവരേയും പിടികൂടിയിട്ടേ ദൗത്യം അവസാനിപ്പിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിൽ ഒൻപത് പേരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം നൽകാൻ വൈകിയാൽ സ്വാഭാവികമായും പ്രതികൾക്ക് ജാമ്യം ലഭിക്കും. ഒരു കാരണവശാലും അത് സംഭവിക്കാൻ പാടില്ല. അതിനാൽ ഊർജിതമായ നീക്കങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുപോയ സംഘത്തെ കൂടാതെ,കോഴിക്കോട് കേന്ദ്രീകരിച്ചും എസ്‌ഐടിയിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം അതീവരഹസ്യമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല', അദ്ദേഹം പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച ലഹരി മരുന്നുവേട്ട
കോഴിക്കോട് ദേശീയപാത 66-ൽ ഒളവണ്ണ ടോൾ പ്ലാസയ്ക്ക് സമീപം ഏകദേശം പത്തുകോടി രൂപ വിലവരുന്ന മൂന്നര കിലോയോളം എംഡിഎംഎ പിടികൂടിയതോടെയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിസംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കൊണ്ടോട്ടി സ്വദേശിയായ ഷഫീഖ് പി.കെ. (36), കോഴിക്കോട് അടിവാരം സ്വദേശിനിയും യൂട്യൂബ് ഇൻഫ്‌ളുവൻസറുമായ ഫാത്തിമ നസ്‌റിൻ (20) എന്നിവരെയും ഇവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് ക്രെറ്റ കാറും കോഴിക്കോട് എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്.
പിന്നീട് എക്‌സൈസ് നടത്തിയ അതിസാഹസിക ദൗത്യവും അതിലൂടെ കണ്ടെത്തിയ വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. തായ്‌വാനിൽനിന്ന് വീര്യംകൂടിയ എംഡിഎംഎ എത്തിച്ച നൈജീരിയൻ സ്വദേശിയുടെ വിവരങ്ങളും എക്‌സൈസ് തിരിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാം ഉൾപ്പെടെ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എസ്‌ഐടി.
LIVE